കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് ലഭിക്കും. ഇതിന് ശേഷം സംഭവത്തിൽ യുവതിയുടെ ഭർത്താവ് കിരൺ കുമാറിന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ കിരണിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.
വിസ്മയ മരിച്ചതിന് ശേഷം ഒളിവിലായിരുന്ന കിരൺ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വിസ്മയയുടെ ബന്ധുക്കളുടെ പരാതിയിൽ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കിരണിനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്. വിസ്മയയുടെ നിലമേലിലെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് സന്ദർശനം നടത്തും.
കഴിഞ്ഞ വർഷം മെയിലായിരുന്നു വിസ്മയയുടെയും കിരണിന്റെയും വിവാഹം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെടർ ആണ് കിരൺ. വിസ്മയയെ ഇന്നലെ പുലർച്ചെയാണ് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കിരൺ പതിവായി വിസ്മയയെ പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.
ആരോപണങ്ങൾ തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഇവർ പുറത്തുവിട്ടു. വിസ്മയക്ക് സ്ത്രീധനമായി നൽകിയത് 100 പവൻ സ്വർണവും ഒരേക്കർ 20 സെന്റ് സ്ഥലവും 10 ലക്ഷത്തിന്റെ കാറുമാണെന്ന് വീട്ടുകാർ പറഞ്ഞു.