ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; രണ്ട് വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ലക്ഷദ്വീപ് അഡ്മ്‌നിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌കൂളുകളുടെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്, ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് എന്നിവയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ രണ്ട് ഉത്തരവുകളിലും കേന്ദ്രം എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ തുടർ നടപടികൾ ഉണ്ടാകരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി.

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതു താത്പര്യ ഹർജിയിലണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ദ്വീപ് നിവാസിയായ അജ്മലാണ് ഹർജി നൽകിയത്.

കേന്ദ്രസർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാനുള്ള സമയം കോടതി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഈ രണ്ട് വിവാദ ഉത്തരവുകൾക്ക് എതിരെ ദ്വീപിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.