വിസ്മയയുടെ ആത്മഹത്യ; ഭർത്താവ് കിരണിനെ മോട്ടോർ വാഹന വകുപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; ഐ ജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണ മേല്‍നോട്ടം

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരണിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് കിരൺ. ഇന്നലെ തന്നെ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിനിടെ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഐജി നാളെ കൊല്ലത്തെത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം വിസ്‍മയുടെ ഭര്‍ത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ്. വിസ്മയയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ അന്വേഷിക്കും. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വിസമയയെ മർദിക്കാറുണ്ടായിരുന്നുവെന്ന് കിരൺ പൊലീസിന് മൊഴി നൽകി. അതേസമയം മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും വിസ്മയയുടെ പിതാവ് പറഞ്ഞു.