കാണുമ്പോൾ സാധാരണക്കാരൻ, മുറിക്കുമ്പോൾ പിങ്ക്നിറം; വിഐപി പൈനാപ്പിൾ സ്വന്തമാക്കാൻ കർഷകർ

മൂവാറ്റുപുഴ: കാണുമ്പോൾ സാധാരണക്കാരൻ, മുറിക്കുമ്പോൾ പിങ്ക്നിറം. നിറത്തിലും രുചിയിലും കേമനായി പുതിയ വിഐപി പൈനാപ്പിൾ. നാവിൽ കപ്പലൂറുന്ന രുചിയുള വിദേശി പൈനാപ്പിൾ സ്വദേശിയാക്കാനുള്ള തത്രപ്പാടിലാണ് വാഴക്കുളത്തെ കർഷകർ.

ആഗോള പഴവർഗ ഉൽപാദകരായ ഡെൽമോൺഡെ എന്ന അമേരിക്കൻ കമ്പനിയാണ് ജനിതക മാറ്റം വരുത്തി പിങ്ക് ഗ്ലോ പൈനാപ്പിൾ വികസിപ്പിച്ചെടുത്തത്. കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും മഞ്ഞ നിറമുള്ള പൈനാപ്പിളിനേക്കാൾ മധുരവും ഇതിനുണ്ടെന്നാണ് ഡെൽമോൺഡെ അവകാശപ്പെടുന്നത്. 2016 ഡിസംബറിൽ ആണ് അമേരിക്കയിൽ എഫ്ഡിഎ ഇതിന് അനുമതി കൊടുത്തത്.

കോസ്റ്ററിക്കയിൽ ആണ് ഇവയുടെ ഉൽപാദനം. പിങ്ക് പൈനാപ്പിൾ കേരളത്തിൽ കൃഷി ചെയ്യാനാകുമോ എന്ന അന്വേഷണത്തിലാണ് കർഷകർ. ജനിതക മാറ്റം വരുത്തിയതിനാൽ ഈ ഇനം പൈനാപ്പിൾ ഇന്ത്യയിൽ കൃഷി ചെയ്യാൻ സാധിക്കില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ജനിതക മാറ്റം വരുത്തിയ കാർഷിക ഉൽപന്നങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് കൃഷി ചെയ്യാൻ അനുവാദമില്ല. കാൽ നൂറ്റാണ്ടിൽ അധികമായി കേരളത്തിൽ പ്രവർത്തിക്കുന്ന 2 പൈനാപ്പിൾ ഗവേഷണ കേന്ദ്രങ്ങളിലൂടെ ഇത്തരത്തിൽ ജനപ്രിയ പൈനാപ്പിൾ ഇനങ്ങൾ വികസിപ്പിച്ച് കൃഷിക്ക് ഉപയോഗിക്കാൻ ലഭ്യമാക്കണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

കേരളത്തിലെ 2 പൈനാപ്പിൾ ഗവേഷണ കേന്ദ്രങ്ങൾ ഇതുവരെ ജനപ്രിയമായ ഒരിനം പൈനാപ്പിൾ പോലും വികസിപ്പിച്ചിട്ടില്ലെന്നു കർഷകർ പറയുന്നു. അമൃത എന്ന പേരിൽ ഒരിനം പൈനാപ്പിൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാരും കൃഷി ചെയ്യുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.