ജിഎസ്ടി പരിധിയിൽ ഇന്ധനവും ഉൾപ്പെടുത്തണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം; സംസ്ഥാനനികുതി ഈടാക്കുന്നത് നിർത്തിവയ്ക്കണം

കൊച്ചി: ജിഎസ്ടി പരിധിയിൽ ഇന്ധനവും ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ജിഎസ്ടി കൗൺസിലിന് സംഘടന നൽകിയ നിവേദനം കൗൺസിൽ കേന്ദ്ര സർക്കാരിലേയ്ക്ക് അയയ്ക്കാൻ കോടതി നിർദ്ദേശിച്ചു.

ആറ് ആഴ്ചയ്ക്കകം കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച്തീരുമാനം എടുക്കാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. പ്രമുഖ ഗാന്ധിയൻ സംഘടനയായ കേരള പ്രദേശ് ഗാന്ധി ദർശൻ വേദിക്ക് വേണ്ടി കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും, സംഘടനയുടെ സംസ്ഥാന ചെയർമാനുമായ ഡോഎം സി ദിലീപ് കുമാർ കേരള ഹൈക്കോടതിയിൽ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് അനുകൂല വിധി.

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപെടുത്തണമെന്ന് കേരളം ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെടാനും കോടതി നിർദ്ദേശിച്ചു. അതുവരെ സംസ്ഥാന സർക്കാർ ഇന്ധനത്തിന്റെ സംസ്ഥാന നികുതി ഈടാക്കുന്നത് നിർത്തിവെക്കണമെന്ന ഹർജിക്കാരൻ്റെ അപേക്ഷയിൽ ഉടൻ നടപടി സ്വീകരിക്കുവാനും കോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഗാന്ധിദർശൻ വേദിക്ക് വേണ്ടി അഡ്വ: അരുൺ ബി.വർഗീസ്സ് ഹാജരായി.