കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പിജയരാജൻ വ്യക്തിപ്രഭാവം വളർത്താൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പൂർണമായും അവസാനിപ്പിക്കാൻ സിപിഎം തീരുമാനം. കണ്ണൂർ തളാപ്പിൽ സംഘ്‌പരിവാർ സംഘടനകളിൽനിന്ന് സിപിഎമ്മിലേക്കെത്തിയ അമ്പാടിമുക്ക് സഖാക്കൾ എന്നറിയപ്പെടുന്നവരാണ് പിണറായി വിജയനെ അർജുനനായും പിജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ വെച്ചതെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ.
പിജയരാജനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സിപിഎം. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ചചെയ്ത ശേഷമാണ് പ്രശ്നം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വ്യക്തിപരമായി ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ പിജയരാജന് പങ്കില്ലെന്ന് കമ്മിഷൻ നിഗമനത്തിലെത്തി. എഎൻഷംസീർ, എൻചന്ദ്രൻ, ടിഐമധുസൂദനൻ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങൾ പരിശോധിച്ചത്.
വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ആരാധാനാരൂപത്തിലുള്ള ബോർഡുകളും മുദ്രാവാക്യങ്ങളുമൊക്കെയാണ് വിമർശവിധേയമായത്. സിപിഎം സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ ചർച്ചനടത്തുകയും വ്യക്തിപ്രഭാവമുയർത്തുന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതിനെ തടയുന്നതിന് ജയരാജൻ ജാഗ്രതകാട്ടിയില്ലെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റിയെ ചുമചലപ്പെടുത്തുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.
പിന്നീട് കണ്ണൂർ ജില്ലയിൽ പലേടത്തും വ്യക്തിപരമായി ഉയർത്തിക്കാട്ടുന്ന ബോർഡുകൾ വന്നു. വിപ്ലവനേതാവായി വാഴ്ത്തുന്ന പാട്ടുകളുണ്ടായി. നവമാധ്യമങ്ങളിൽ പിജെആർമി എന്നും മറ്റമുള്ള പേരുകളിൽ വ്യക്തിപരമായി ആരാധന വളർത്തുന്ന പ്രചാരണം നടന്നത് സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ടത്.
അന്വേഷണം ആരംഭിച്ച ശേഷവും ചില പ്രശ്നങ്ങളുണ്ടായി. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റശേഷം പഴയ സ്ഥാനം തിരിച്ചുനൽകാത്തതിനെതിരേ ഒരുവിഭാഗം അനുഭാവികൾ പ്രതിഷേധമുയർത്തി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചുവെന്നാരോപിച്ചും പിജെആർമി നവമാധ്യമ ഗ്രൂപ്പ് വലിയ പ്രതിഷേധമുയർത്തി. അമ്പാടിമുക്ക് സഖാക്കളുടെ നേതാക്കളിലൊരാളായ ധീരജ്കുമാറിനെ പരസ്യപ്രതിഷേധമുയർത്തിയതിനെ തുടർന്ന് സിപിഎമ്മിൽനിന്ന് പുറത്താക്കുകയുംചെയ്തു.
പിജെആർമിയെ പി.ജയരാജൻ പരസ്യമായി തള്ളിപ്പറയുകയും തന്റെ അഭ്യുദയകാംക്ഷികളെന്ന പേരിൽ പാർട്ടി തീരുമാനങ്ങളെ എതിർക്കുന്നവർ പാർട്ടിയുടെയും തന്റെയും ശത്രുക്കളാണെന്നും തന്റെ പേര് പറഞ്ഞ് പാർട്ടിയെ വിമർശിക്കുകയും തന്നെ വേർതിരിച്ച് കാണിക്കുകയും ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിറക്കി. ഇതെല്ലാം പരിഗണിച്ചാണ് പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപ്രഭാവ പ്രശ്നത്തിന് വിരാമമിടാൻ സിപിഎം നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം. വൈകാതെ ജില്ലാ സെക്രട്ടറി സ്ഥാനമോ ഉന്നത പദവിയോ ജയരാജന് നൽകുമെന്നാണ് സൂചന.