പെരിയ ഇരട്ടക്കൊലക്കേസിൽ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന പ്രതികളുടെ ഭാര്യമാർക്ക് സിപിഎം ശുപാർശയിൽ ജോലി

കാസർകോട്: കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന പെരിയ ഇരട്ടക്കൊല കേസിലെ മുഖ്യപ്രതി പീതാംബരന്റെ ഭാര്യ അടക്കമുള്ളവർക്ക് സിപിഎം ശുപാർശയിൽ ജോലി.

കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവർക്കാണ് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയിരിക്കുന്നത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ഇവർക്ക് താത്കാലിക ജോലി നൽകിയത്. കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാൻ സിപിഎം ഭരിക്കുന്ന കാസർകോട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകണമെന്നത് പാർട്ടിയുടെ ശുപാർശയാണെന്നാണ് വിവരം.

കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയിരിക്കുന്നത്. കേസ് നിലവിൽ സിബിഐ അന്വേഷിക്കുകയാണ്.