വേമ്പനാട് കായലിന്റെ സംരക്ഷകൻ രാജപ്പന്റെ പണം തട്ടിയ സംഭവം; സഹോദരിയും കുടുംബവും ഒളിവിൽ

കോട്ടയം: വേമ്പനാട് കായലിന്റെ സംരക്ഷകൻ കുമരകത്തെ രാജപ്പന്റെ പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ ഒളിവിൽ പോയെന്ന് കുമരകം പൊലീസ്. ജില്ലാ പൊലീസ് മേധാവി മുഖേന ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ച കുമരകം പൊലീസ് രാജപ്പന്റെ മൊഴി രേഖപ്പെടുത്തി. പ്രതികളെ കണ്ട് വിവരശേഖരണത്തിന് ശ്രമിച്ച പൊലീസിന് പക്ഷേ ഇവരെ കണ്ടെത്താനായില്ല.

രാജപ്പന്റെ സഹോദരി വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകൻ ജയലാൽ എന്നിവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. വീട്ടിലും എത്താൻ സാധ്യതയുള്ള പ്രദേശങ്ങളിലുമെല്ലാം പൊലീസ് പരിശോധന നടത്തി. ഒളിവിൽ പോയ കുടുംബത്തിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

ഫെബ്രുവരി 12ന് അഞ്ചുലക്ഷം രൂപയും ഏപ്രിൽ 16ന് എൺപതിനായിരം രൂപയും പിൻവലിച്ചുവെന്നാണ് രാജപ്പന്റെ പരാതി. പണം തട്ടിപ്പിന് പുറമേ വിശ്വാസ വഞ്ചനാകുറ്റവും പ്രതികൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റേഡിയോ പ്രഭാഷണ പരിപാടിയിൽ അഭിനന്ദിച്ച രാജപ്പന്റെ പരാതി അടിയന്തരപ്രാധാന്യത്തോടെയാണ് പൊലീസ് അന്വേഷിക്കുന്നത്.