യാത്രക്കാർക്ക് ഭക്ഷണം വാഹനത്തില്‍ നല്‍കും; ‘ഇന്‍-കാര്‍ ഡൈനിംഗ്’ പദ്ധതിയുമായി കെടിഡിസി

തിരുവനന്തപുരം: കെടിഡിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കം. ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്ര ചെയ്യുന്നവര്‍ക്ക് പഴയതു പോലെ വഴിയില്‍ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് ‘ഇന്‍-കാര്‍ ഡൈനിംഗ്’ എന്ന പേരിലുള്ള ഈ പദ്ധതി. ഇതിലൂടെ കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ തയ്യാറാക്കി നല്‍കും. കൂടാതെ ലഘുഭക്ഷണവും ഉണ്ടാകും.

തിരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാര്‍ റസ്റ്റോറന്‍റുകളിലാണ് കൊറോണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവം കൂടി സമ്മാനിക്കുന്നതിനൊപ്പം പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

കെടിഡിസിയുടെ ഹോട്ടല്‍ ശൃംഖല മുന്‍ഗണനാടിസ്ഥാനത്തില്‍ തരംതിരിച്ച് ‘മിഷന്‍ ഫേസ്ലിഫ്റ്റ്’ പദ്ധതിയിലൂടെ നവീകരിക്കും. കെടിഡിസിയുടെ നേതൃത്വത്തില്‍ വേളിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഫ്ളോട്ടില’ മാതൃകയിലുള്ള ഫ്ളോട്ടിംഗ് റസ്റ്റോറന്‍റുകള്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കും. ഇതില്‍ ആദ്യത്തേത് കടലുണ്ടിയില്‍ അയിരിക്കുമെന്നും കെടിഡിസിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.