ഇൻസ്റ്റഗ്രാമിൽ സിന്തറ്റിക് ലഹരിവിൽപ്പന; പിന്നിൽ കോഴിക്കോട് മാഫിയ; രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിൽ; വിലപറയും, പിന്നാലെ ഗൂഗിൾപേ; ലഹരി വീടുകളിൽ

കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പനക്കു പിന്നിൽ കോഴിക്കോട് മാഫിയ. ലഹരിമരുന്ന് വിൽപ്പനക്കാർക്കിടയിലും ഇവയുടെ ഉപയോക്താക്കൾക്കിടയിലുമുള്ള രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ എന്തെല്ലാമെന്ന് വിവരിക്കും, വിലപറയും. പിന്നാലെ ഗൂഗിൾപേ നമ്പർ നൽകും. ഇതിലേക്ക് പണമയച്ച് ഇതിന്റെ സ്‌ക്രീൻഷോട്ട് അയച്ചുനൽകണം. ഇങ്ങനെ ചെയ്താൽ വിലാസവും കോൺടാക്ട് നമ്പറും വിൽപ്പനക്കാർ വാങ്ങും.

പിന്നാലെ വരുന്ന സന്ദേശം കൂറിയർ അയക്കുന്ന ഏജൻസിയുടെ പേരും ട്രാക്കിങ് ഐഡിയുമാണ്. ലഹരി വൈകാതെ വീടുകളിൽ കൂറിയറായി എത്തുകയുംചെയ്യും. രാജ്യത്താകെ സർവീസ് ഉണ്ടെന്നാണ് ഇൻസ്റ്റഗ്രാമിലെ വിൽപ്പനക്കാർ പറയുന്നത്. മനുഷ്യനിർമിത രാസവസ്തുക്കളിൽനിന്നുള്ള ലഹരിയാണ് സിന്തറ്റിക് ഡ്രഗ്സ്. രഹസ്യകോഡുകളും ഓൺലൈൻസംവിധാനങ്ങളും ഉപയോഗിച്ച് ലഹരി വീട്ടിലെത്തിച്ചുകൊടുക്കുന്നതാണ് പുതിയ രീതി.

കേരളത്തിൽ വലിയ അളവിൽ എത്തിച്ചശേഷം ഇവ ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. നേരിട്ട് കൈമാറ്റമില്ലാത്തതിനാൽ വിൽപ്പനക്കാരെ പിടികൂടാൻ ബുദ്ധിമുട്ടാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിൽപ്പനക്കാരെ ഇൻസ്റ്റഗ്രാമിൽനിന്ന് കണ്ടെത്തുക പ്രയാസമാണ്. പാഴ്‌സൽ കണ്ടെത്തി വിലാസക്കാരനെ പൊക്കുന്നതിലുമുണ്ട് ഏറെ ബുദ്ധിമുട്ടുകൾ. എന്നാൽ, ഗൂഗിൾ പേ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താം. പണം നൽകിയത് ലഹരിമരുന്നിനാണെന്നു തെളിയിക്കാനായാൽ ഇവരെ കേസിൽ പ്രതികളാക്കാനാകും. എന്നാൽ, മറ്റെന്തെങ്കിലും കാര്യത്തിനായാണ് പണമയച്ചതെന്നു പറഞ്ഞ് വിചാരണസമയത്ത് പ്രതികൾ ഊരിപ്പോകാനുള്ള സാധ്യതയുണ്ട്.