സി കെ ജാനു തന്നത് വായ്പ നൽകിയ പണമെന്ന് മുൻ സിപിഎം എംഎൽഎ സി കെ ശശീന്ദ്രൻ; പോലീസ് പി കെ നവാസിൻ്റെ മൊഴിയെടുത്തു

കൽപ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ പണം ജെആർപി നേതാവ് സി കെ ജാനു സിപിഐഎമ്മിന് നൽകിയെന്ന ആരോപണത്തിൽ മറുപടിയുമായി സിപിഎം നേതാവും മുൻ കൽപറ്റ എംഎൽഎയുമായ സി കെ ശശീന്ദ്രൻ. തിരുവനന്തപുരത്ത് വച്ച് കെ സുരേന്ദ്രൻ ജാനുവിന് പണം കൈമാറിയതിന്റെ പിറ്റേന്ന് തന്നെ കൽപറ്റയിലെ ബാങ്കിലെത്തി ജാനു സി കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് പണം നൽകിയെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിന് പിന്നാലെയാണ് സികെ ശശീന്ദ്രന്റെ വിശദീകരണം.

വാഹനം വാങ്ങാനായി വായ്പ വാങ്ങിയ പണമാണ് ജാനു തിരികെ തന്നത്. എല്ലാ ഇടപാടുകളും നടന്നത് ബാങ്ക് അക്കൗണ്ട് വഴിയാണെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് പോലീസിന് നൽകിയ മൊഴിയാണ് സികെ ശശീന്ദ്രനുമായുള്ള പണമിടപാട് വിവരം പുറത്ത് വന്നത്. . മാർച്ച് 8, 9 തിയതികളിൽ കൽപറ്റ ബാങ്കിലെത്തി ശശീന്ദ്രന്റെ ഭാര്യയ്ക്ക് പണം നൽകിയെന്നാണ് നവാസ് വെളിപ്പെടുത്തിയത്.

എന്നാൽ ജാനുവുമായി പണമിടപാട് നടന്നെന്ന് സമ്മതിച്ച ശശീന്ദ്രൻ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. വാഹനം വാങ്ങാൻ 2019ൽ 3 ലക്ഷം രൂപ ജാനു വായ്പ വാങ്ങിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകിയത്. കഴിഞ്ഞ വർഷം ഒന്നര ലക്ഷം രൂപ തിരികെ തന്നു. ബാക്കി ഒന്നര ലക്ഷം കഴിഞ്ഞ മാർച്ച് മാസം തിരികെ തന്നുവെന്നും സികെ ശശീന്ദ്രൻ പറഞ്ഞു.

അതേസമയം കെ സുരേന്ദ്രൻ നൽകിയ പണം സി കെ ജാനു സി പി എമ്മിന് കൈമാറിയെന്ന് എം എസ് എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി കെ നവാസ് പൊലീസിന് മൊഴി നൽകി. സി കെ ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് എം എസ് എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി കെ നവാസിനെ വിളിച്ചു വരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്. നാല് ലക്ഷത്തി അമ്പതിനായിരം രൂപ കൽപ്പറ്റയിലെ കേരള ബാങ്കിലെത്തി മുൻ എം എൽ എ സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് സി കെ ജാനു കൈമാറിയെന്നാണ് നവാസിന്‍റെ മൊഴി.

ജാനുവിനെ എൻ ഡി എയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെ ആർ പി ട്രഷറർ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്‍റേത് എന്ന് അവകാശപ്പെടുന്ന ശബ്‌ദരേഖ പുറത്തുവിട്ടത്. ഇതേതുടർന്ന് പി കെ നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു.

കേസിൽ ഇനി ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. കൽപ്പറ്റ കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെയാണ് ബത്തേരി പോലീസ് സുരേന്ദ്രനെതിരെ കേസെടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്. സുരേന്ദ്രൻ ജാനുവിന് പണം നൽകിയെന്ന് ആരോപണമുന്നയിച്ച ജെ ആർ പി നേതാക്കളായ പ്രസീദ, പ്രകാശൻ ബാബു എന്നിവരുടെ മൊഴിയും എടുക്കുമെന്നാണ് വിവരം.