സ്വകാര്യ ബസുകൾ ഒറ്റ-ഇരട്ട നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തുന്നത് അപ്രായോഗികമെന്ന് ബസ് ഉടമകള്‍

കൊച്ചി: സ്വകാര്യ ബസുകൾക്ക് സർവ്വീസ് നടത്താൻ ഒറ്റ-ഇരട്ട നമ്പര്‍ ക്രമം അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍. അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുളള സ്വകാര്യ ബസ് സര്‍വീസ് എന്ന ആശയം ആദ്യരണ്ടുദിവസം പിന്നിടുമ്പോള്‍ തന്നെ തിരിച്ചടിയെന്നാണ് ബസുടമകളടെ വിലയിരുത്തല്‍. ബസ് ജീവനക്കാര്‍ ഉപജീവനം തേടി മറ്റ് തൊഴിലുകള്‍ തേടിപ്പോയതും ഊഴം വച്ച് ജീവനക്കാരെ കിട്ടാത്തതും പ്രയാസം സൃഷ്ടിക്കുന്നു.

നഷ്ടം സഹിച്ച് നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തുന്നതിലും ഭേദം നിര്‍ത്തിയിടുന്നതാണ് എന്നാണ് ഒരുവിഭാഗം ബസ് ഉടമകള്‍ പറയുന്നത്. ഒരു വര്‍ഷത്തെ നികുതി ഒഴിവാക്കി നല്‍കുതുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഡീസല്‍ സബ്‌സിഡി നല്‍കാന്‍ കഴിയില്ലെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ബസ് ചര്‍ജ് കൂട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി , ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരെ കണ്ട് സ്വകര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി ധരിപ്പിക്കും. ആദ്യദിനം സര്‍വീസ് നടത്തിയതിനെക്കാള്‍ കുറഞ്ഞ ബസുകള്‍ മാത്രമാണ് വെള്ളിയാഴ്ച നിരത്തിലിറങ്ങിയതെന്നും വരുംനാളുകളില്‍ പ്രതിസന്ധി രൂക്ഷമാവുമെന്നും ഉടമകള്‍ പറയുന്നു.