തുണി അലക്കാനും കുളിക്കാനും പോയ വയോധികയ്ക്ക് 500 രൂപ ഫൈൻ; വീഡിയോ വൈറലായപ്പോൾ വെട്ടിലായി പോലീസ്

മലപ്പുറം: മകന്റെ വീട്ടില്‍നിന്നും തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് മാസ്ക് വെക്കാതെ തുണി അലക്കാനും കുളിക്കാനും പോയ വയോധികയ്ക്ക് 500 രൂപ ഫൈൻ. കാര്യം വ്യക്തമാക്കാതെ നില്‍ക്കുന്ന വയോധികയുടെ കയ്യില്‍ രസീത് എഴുതി നല്‍കി മകനെയോ മകളെയോ ഏല്‍പ്പിക്കാന്‍ പറയുന്ന പോലീസ്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ പോലീസിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

മാസ്ക് ധരിക്കുന്നത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ഫൈന്‍ അടപ്പിച്ച നടപടി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. 500 പേര്‍ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങോ, 5000 പേര്‍ പങ്കെടുത്ത സ്ഥാനാരോഹണ ചടങ്ങോ കണ്ടില്ലെന്ന് നടിക്കാമെന്നും സാധാരണക്കാര്‍ മാസ്ക് വെക്കാതിരുന്നാല്‍ അപ്പോള്‍ പിഴയടപ്പിക്കണം എന്നും ചിലര്‍ കമന്റില്‍ പ്രതികരിച്ചു.

വീഡിയോ എടുത്ത് വയോധികയുടെ നിഷ്കളങ്കതയെയും അറിവില്ലായ്മയെയും അധികൃതര്‍ പരിഹസിക്കുകയാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. മനുഷ്യത്വം ഇല്ലാത്തവരെ സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കുകയാണോ അതോ സര്‍ക്കാര്‍ സര്‍വീസില്‍ കയറുമ്പോള്‍ അവശേഷിക്കുന്ന ഒരു തുള്ളിയും ചോര്‍ന്നു പോവുകയാണോ എന്നും ചിലര്‍ പരിഹസിക്കുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി പോലീസ് രംഗത്ത് എത്തി. പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.