കൊറോണക്കാലത്തും മദ്യക്കച്ചവടത്തിൽ റെക്കോർഡ് ; ബെവ്കോ ഇന്നലെ മാത്രം വിറ്റത് 51 കോടിയുടെ മദ്യം

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങൾക്കിടയിലും റെക്കോർഡ് വിൽപ്പനയുമായി ബെവ്കോ. ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്ന ഇന്നലെ 51 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപറേഷൻ വിറ്റത്.

സംസ്ഥാനത്ത് 225 ഔട്ട്‍ലെറ്റുകളാണ് ഇന്നലെ തുറന്നത്. കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റുകളിൽ എട്ട് കോടിയുടെ മദൃവിൽപന ഇന്നലെ നടന്നു. പാലക്കാട് ജില്ലയിലെ തേൻകുറിശ്ശി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. ഒറ്റ ഔട്ട്‌ലെറ്റിൽ മാത്രം 69 ലക്ഷം രൂപയുടെ മദ്യവിൽപന നടന്നു.

തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌‍ലെറ്റിൽ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയിൽ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരുന്നു മദ്യവിൽപ്പന പുനരാരംഭിച്ചത്.

കേരളത്തിൽ പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ളത്. ലോക്ഡൗണിന്റെ ഭാഗമായി കേരളത്തിൽ ഒരു മാസത്തിലധികമായി മദ്യശാലകൾ അടഞ്ഞുകിടക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് നിയന്ത്രണങ്ങൾ പാലിച്ച്‌ മദ്യശാലകൾ തുറന്നത്.