കെ സുധാകരൻ തൻ്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡൻറ് കെ സുധാകരൻ തൻ്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിൻ്റെ തന്നെ ഒരു വിശ്വസ്തൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരൻ്റെ പരാമർശത്തോട് പ്രതികരിക്കവെയാണ് പിണറായി വിജയൻ പ്രതികരിച്ചത്.

ഇത് പഞ്ചാബല്ല, കേരളമാണ് എന്ന് വിശ്വസ്തൻ പറഞ്ഞെങ്കിലും കെ. സുധാകരൻ അത് ചെവിക്കൊണ്ടില്ല. ഇക്കാര്യം തനിക്ക് ആരോടും പറയാൻ പറ്റുമായിരുന്നില്ല. എനിക്ക് എന്താണ് ചെയ്യാൻ പറ്റുകയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പേടിക്കുമെന്ന് കരുതി ഇക്കാര്യം ഭാര്യയോട് പോലും വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെ പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരൻ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം. എന്നാൽ അത് യഥാർഥത്തിൽ നടന്നിട്ടില്ല എന്നും പിണറായി വിജയൻ പറഞ്ഞു.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ പ്രസ്താവന വെറും സ്വപ്‌നം മാത്രമാണ്. ആര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന.
പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. കെഎസ്എഫ്-കെഎസ് യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്.അന്ന് ഞാന്‍ ബ്രണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.

ബ്രണ്ണന്‍ കോളേജില്‍ അര്‍ദ്ധനഗ്നനായി നടക്കേണ്ടിവന്നത് സുധാകരനും കൂട്ടര്‍ക്കും മാത്രമാണെന്ന് പിണറായി പറഞ്ഞു. ബ്രണ്ണന്‍ കോളജില്‍ കെഎസ് യുവിന് മൃഗീയ ആധിപത്യം ഉള്ള കാലത്താണ് താന്‍ അവിടെ ഉണ്ടായിരുന്നത്. ഫ്രാന്‍സിസ് കത്തികൊണ്ട് നടക്കുന്നവനാണ് എന്ന് അതില്‍ പറയുന്നു. കത്തി കൊണ്ട് നടക്കുന്ന പലരേയും തനിക്ക് അറിയാമെങ്കിലും ഈ ഫ്രാന്‍സിസ് എന്നുപറയുന്നയാളെ തനിക്ക് പരിചയമില്ല. എങ്ങനെയാണ് സുധാകരന് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.