തറയിൽ ഫിനാൻസ് തട്ടിപ്പ്; ഒളിവിൽ കഴിഞ്ഞ ഉടമ സജി സാം കീഴടങ്ങി

പത്തനംതിട്ട: തറയിൽ ഫൈനാൻസിയേഴ്സ് തട്ടിപ്പിൽ ഒളിവിൽ കഴിഞ്ഞ ഉടമ സജി സാം പോലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്നിലാണ് കീഴടങ്ങിയത്. സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ അടച്ച ശേഷം രണ്ടാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് ജൂൺ ഒൻപതാം തീയതി മുതലാണ് സജി സാമും കുടുംബവും ഒളിവിൽ പോയത്.

പണമിടപാട് സ്ഥാപനത്തിന്റെ ഓമല്ലൂരിലെ ആസ്ഥാനവും പത്തനംതിട്ടയിലെയും അടൂരിലെയും ശാഖകളും കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സീൽ ചെയ്തിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച നിക്ഷേപ വിവരങ്ങളും ഹാർഡ് ഡിസ്കുകളും പരിശോധിച്ച്‌ വരികയാണ്.

പത്തനംതിട്ട , അടൂർ, പത്തനാപുരം സ്റ്റേഷനുകളിലായി ഇതുവരെ 37 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരുനൂറിലേറെ പരാതികളാണ് വിവിധ സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കുമായി ലഭിച്ചത്.