സംസ്ഥാനത്ത് നാളെ മുതൽ ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യ വിൽപ്പന; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. ബെവ്ക്യൂ ആപ് വീണ്ടും പ്രവര്‍ത്തനക്ഷമാകാന്‍ മൂന്നോ നാലോ ദിവസം വേണ്ടിവരുമെന്നതിനാലാണ് ആപ്പ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. ബെവ്ക്യൂ ആപ്പ് കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം നിർത്തിയിരുന്നു. സെർവർ അപ്ഡേഷന് സമയമെടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് സ്ഥാപകൻ രജിത്ത് രാമചന്ദ്രൻ പറയുന്നു.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനുശേഷം ഉപയോഗിച്ച സംവിധാനം സംബന്ധിച്ച് ബെവ്‌കോ എംഡി യോഗേഷ് ഗുപ്തയും ബെവ്ക്യൂ ആപ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് പ്രതിനിധിയും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. എക്സൈസ് മന്ത്രി എംവി ഗോവിന്ദനുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് വില്‍പ്പന കാര്യത്തില്‍ സർക്കാർ അന്തിമ തീരുമാനമെടുത്തത്.

ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും 17 മുതല്‍ തുറക്കാമെന്ന് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണു സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയത്. എന്നാല്‍ ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ ബിവറേജസ് കോര്‍പറേഷനു തൃപ്തിയില്ലെന്ന സൂചനകളുണ്ട്.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനുശേഷം ബെവ്ക്യൂ മൊെൈബല്‍ ആപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടാണ് മദ്യവില്‍പ്പന പുനരരംഭിച്ചത്. ഒടിപി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പില്‍ സ്‌ളോട്ട് ബുക്ക് ചെയ്ത് അതില്‍ പറയുന്ന ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്നോ ബാറുകളില്‍നിന്നോ മദ്യം വാങ്ങുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ രീതി. ഇതേ രീതിയാണ് ഇത്തവണയും സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ പ്രായോഗിക തടസങ്ങളും നിലനില്‍ക്കുന്നുണ്ട്.

സെര്‍വര്‍ സ്‌പേസ് ശരിയാക്കുന്നതിനും പാര്‍സല്‍ വിതരണത്തിനു തയാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിനും ബെവ്ക്യു ആപ് നിര്‍മാതാക്കള്‍ക്കു സമയം ആവശ്യമാണത്രേ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണു മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ സ്ഥലങ്ങളുടെ പട്ടിക ആരോഗ്യവകുപ്പില്‍നിന്നു ശേഖരിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തുകയും ആവശ്യമായ സമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം.

കൊറോണ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചത്. സംസ്ഥാനത്ത് 265 ബവ്‌കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും 604 ബാറുകളുമാണ് പ്രവര്‍ത്തിക്കുന്നത്.