തീവ്രവാദി ബന്ധം; പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്‌ഫോടകശേഖരം കണ്ടെത്തി

പത്തനംതിട്ട : തീവ്രവാദി ബന്ധ സംശയത്തിന് ശക്തി പകർന്ന് പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്‌ഫോടകശേഖരം കണ്ടെത്തി. കോന്നി കോക്കാത്തോട് വയക്കര നിന്നുമാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തത്.

വനപ്രദേശത്തോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചു. അടുത്ത ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ആരൊക്കെ എത്തി എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

കഴിഞ്ഞദിവസം പത്തനാപുരത്ത് വനമേഖലയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. പാടം വനമേഖലയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. വനംവകുപ്പ് തന്നെ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍ അടക്കം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍,വയറുകള്‍, ഇവ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വിശദമായ അന്വേഷണം നടത്തും.