കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ തുടർച്ചയായി അപകടമുണ്ടാകുന്ന 340 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി. ഇതിൽ 238 എണ്ണം ഉയർന്ന അപകടസാധ്യതയുള്ളവയും 102 എണ്ണം ഇടത്തരം സാധ്യതയുള്ളവയുമാണ്. ഇവിടങ്ങളിൽ മൂന്ന് വർഷത്തിനിടെയുണ്ടായ അപകടങ്ങളിൽ 1763 പേർ മരിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച വിശദമായ പഠനത്തിൻ്റെ റിപ്പോർട്ട് തയാറാക്കിയത്.
ഏറ്റവും കൂടുതൽ ബ്ലാക്ക് സ്പോട്ടുകൾ തിരുവനന്തപുരം ജില്ലയിലാണ്. 65 എണ്ണമാണ് തലസ്ഥാനത്ത് കണ്ടെത്തിയത്. എറണാകുളം 58, കൊല്ലം 56, ആലപ്പുഴ 51, തൃശൂർ 36, കോഴിക്കോട് 25, കോട്ടയം 18, മലപ്പുറം 13, പത്തനംതിട്ട 11, പാലക്കാട് നാല്, വയനാട്, ഇടുക്കി, കണ്ണൂർ ഒന്നുവീതം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
ഉയർന്ന അപകടസാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയ 238 റോഡുകളിൽ 159 എണ്ണം നാഷനൽ ഹൈവേ അതോറിറ്റിയുടെയും 51 എണ്ണം സംസ്ഥാന സർക്കാറിന്റെ 28 എണ്ണം തദ്ദേശസ്ഥാപനങ്ങളുടെയും പരിധിയിലുള്ളതാണ്. ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളിൽ അപകടസാധ്യത കുറക്കാൻ അടിയന്തര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകി.