കൽപ്പറ്റ: മുഖംമൂടി ധരിച്ചെത്തി വയനാട് നെല്ലിയമ്പത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതകം ആസൂത്രിതമെന്നാണ് പൊലീസ് സംശയം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് റിട്ടേര്‍ഡ് അധ്യാപകനായ കേശവനും ഭാര്യ പദ്മാവതിയും കൊല്ലപ്പെട്ടത്. വെട്ടിയും കുത്തിയുമാണ് രണ്ടു പേരെയും കൊലപ്പെടുത്തിയിരിക്കുന്നത്.
മുഖംമൂടി ധരിച്ച രണ്ട് പേരാണ് ദമ്പതികളെ ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം. കൊലപാതക ശേഷം പ്രതികൾ ഇവരുടെ കൃഷിയിടത്തിലൂടെ ഓടിരക്ഷപ്പെട്ടിരിക്കാം എന്നും പൊലീസ് പറയുന്നു. രണ്ട് പേര്‍ ഓടിപ്പോകുന്നത് കണ്ടവരുമുണ്ട്.
വീടിൻ്റെ മുകള്‍ നിലയില്‍ വച്ചാണ് കേശവന് കുത്തേറ്റത്. ഇതു കണ്ട് ഓടിയ പദ്മാവതിയെ താഴെ വച്ചാണ് അക്രമികള്‍ വെട്ടിയത്. പദ്മാവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ അക്രമിസംഘം ഇറങ്ങി ഓടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മുഖംമൂടി ധരിച്ച രണ്ട് പേരാണ് തങ്ങളെ വെട്ടിയതെന്ന് പദ്മാവതി പറഞ്ഞത്.
മോഷണം ലക്ഷ്യമിട്ടാകാം ദമ്പതികളെ ആക്രമിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തല്ലെങ്കിലും കേശവൻ്റെ ബന്ധുക്കള്‍ അത് തള്ളി. ആക്രമണം രാത്രി എട്ട് മണിക്കായതിനാൽ കൊലപാതക കാരണം മറ്റെന്തെങ്കിലുമാകാം എന്ന് ബന്ധുക്കള്‍ പറയുന്നു.
ജില്ലാ പൊലീസ് മേധാവി സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരുടെ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. രണ്ട് നിലകളാണ് വീടിനുള്ളത്. രണ്ടാം നിലയില്‍ അറ്റകുറ്റപ്പണികള്‍ക്കെതിയ ജോലിക്കെത്തിയവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.