എടിഎം സർവീസ് ചാർജ്ജുകൾ ഉയർത്താൻ അനുമതി നൽകി റിസർവ് ബാങ്ക്; പുതിയ നിരക്കുകൾ ഓഗസ്റ്റ് മുതൽ നിലവിൽ വരും

ന്യൂഡെൽഹി: എടിഎം സർവീസ് ചാർജുകൾ ഉയർത്താൻ ബാങ്കുകൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്. ബാലൻസ് തിരയുന്നതിന് അടക്കം നിശ്ചിത സൗജന്യ ഇടപാടുകൾക്ക് ശേഷം ഓരോ തവണയും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സർവീസ് ചാർജ് ഉയരും. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് മുതൽ നിലവിൽ വരും.

ഉയർന്ന ഇന്റർചെയ്ഞ്ച് ചാർജുകളും എടിഎം പ്രവർത്തന ചെലവും കണക്കിലെടുത്താണ് നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. നിലവിൽ ഓരോ മാസമുള്ള സൗജന്യ ഇടപാടുകൾക്ക് ശേഷം ഓരോ തവണ പണം പിൻവലിക്കുന്നതിന് 20 രൂപയാണ് സർവീസ് ചാർജായി ഈടാക്കുന്നത്. ഇത് 21 രൂപയായാണ് വർധിപ്പിച്ചത്. ജിഎസ്ടി അടക്കം ഇത് 24.78 രൂപയാകും.

നിരക്ക് വർധനയെക്കുറിച്ച്‌ പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ ശുപാർശ അനുസരിച്ചാണ് വർധന. ഏത് എടിഎമ്മിൽ നിന്നും അക്കൗണ്ടുടമകൾക്ക് പണം സ്വീകരിക്കാം. ഒപ്പം ബാലൻസ് തിരയുന്നതടക്കമുള്ള നിരവധി പ്രവർത്തനങ്ങളും നടത്താം. ഇങ്ങനെ സ്വന്തം ബാങ്കിന്റെ എ ടി എമ്മിലൂടെ അല്ലാതെ ഒരാൾ ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടുടമയുടെ ബാങ്ക് എടിഎം ഉടമയായ ബാങ്കുകൾക്ക് ചാർജ് നൽകണം. ഇതാണ് ഇന്റർചേയ്ഞ്ച് ഫീസ്.

ആർ ബി ഐ യുടെ പുതിയ തീരുമാനമനുസരിച്ച്‌ സാമ്പത്തിക- സാമ്പത്തികേതര ഇടപാടുകൾക്കുള്ള ഇന്റർചേയ്ഞ്ച് ഫീസും വർധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്റെ (എടിഎമ്മിൽ നിന്ന് പണം പിൻവലിക്കൽ, നിക്ഷേപിക്കൽ തുടങ്ങിയവ) ഇന്റർചേയ്ഞ്ച് ചാർജ് നിലവിലെ 15 ൽ നിന്ന് 17 രൂപയായിട്ടാണ് വർധിപ്പിച്ചിട്ടുള്ളത്. ഇടപാടൊന്നിന് നിലവിലെ അഞ്ച് രൂപയിൽ നിന്ന് ആറ് ആക്കിയാണ് സാമ്പത്തികേതര ഇടപാടിന്റെ ചാർജ് ഉയർത്തിയിട്ടുള്ളത്.