ഫ്‌ളാറ്റ് പീഡനക്കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഫ്‌ളാറ്റ് പീഡനക്കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും കോടതിയെ പൊലീസ് അപമാനിച്ചെന്നുമുള്ള വാദങ്ങള്‍ കോടതി നിരാകരിച്ചു.

ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രി എട്ടരയോടെയാണ് തൃശൂര്‍ അയ്യന്‍കുന്നിലെ ഒളിത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാര്‍ട്ടിന്‍ വലയിലായത്.

കണ്ണൂര്‍ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച്‌ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യവെയാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച്‌ താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു.

യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്‌ളാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച്‌ യുവതി രക്ഷപ്പെടുകയും എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.