വനംമന്ത്രി ഇടപെട്ടു ; ധനേഷിനെ കൂടുതൽ ചുമതലയോടെ വീണ്ടും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: വനം മന്ത്രി ഇടപെട്ടതോടെ ധനേഷിനെ കൂടുതൽ ചുമതലയോടെ വീണ്ടും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത് വയനാട് ഡിഎഫ്ഒ ധനേഷ് കുമാറായിരുന്നു. നോർത്ത് സോണിലെ അന്വേഷണ ചുമതലയാണ് ധനേഷിന് നൽകിയത്. മരം മുറിയിൽ ഉദ്യോഗസ്ഥ പങ്ക് കണ്ടെത്തിയ ധനേഷിനെ മാറ്റിയത് വലിയ വിവാദം ആയിരുന്നു.

മരം മുറിച്ച് കടത്തിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ആയിരുന്ന പി ധനേഷ്കുമാറായിരുന്നു. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ് ഒമാരിൽ ഒരാൾ ധനേഷ്കുമാറായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. എന്നാൽ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡിലേക്ക് മടങ്ങാൻ വനംവകുപ്പ് ധനേഷിന് നിർദ്ദേശം നൽകുകയായിരുന്നു.

മുട്ടിൽ മരം കേസിലെ പ്രതി റോജി അഗസ്റ്റിൻ ചില മാധ്യമങ്ങളിലൂടെ ധനേഷിന് കോഴ നൽകിയെന്ന് ആരോപിച്ചിരുന്നു. പ്രതിയുടെ ആരോപണത്തിന് പിന്നാലെ ഉദ്യോഗസ്ഥനെ മാറ്റിയത്. താനറിയാതെയാണ് ഉദ്യോഗസ്ഥന്റെ മാറ്റമെന്നായിരുന്നു വിഷയത്തിൽ വനംമന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് മന്ത്രി തന്നെ ഇടപെട്ട് ഉദ്യോഗസ്ഥനെ കൂടുതൽ ചുമതല നൽകി തിരികെയെത്തിച്ചത്.

മുട്ടിൽ മരം മുറിയിൽ ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനംവകുപ്പികളിലെ പ്രത്യേക ടീമിനെ ഉൾപ്പെടുത്തിയുള്ള ഉന്നതതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മരംമുറിയിലെ വീഴ്ചകളും ഉന്നതതലബന്ധങ്ങളും കൂടുതൽ പുറത്ത് വരുന്നതിനിടെയാണ് സർക്കാർ അന്വേഷണം വിപുലമാക്കിയത്.