അമ്മയുടെ വേർപാടിൻ്റെ വേദന ബാക്കി; എം വിൻസെൻ്റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: അമ്മയുടെ വേർപാടിൻ്റെ വേദനമാറും മുമ്പേ കോവളം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച എം വിൻസെൻ്റ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. കൊറോണ ബാധിതനായി ചികിത്സയിലായിരുന്ന വിൻസെൻ്റിന് നിയമസഭയുടെ പ്രഥമ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രോഗമുക്തനായതോടെ സ്പീക്കർ എം ബി രാജേഷിൻ്റെ ചേംബറിലെത്തിയാണ് ഇന്ന് സത്യപത്രിജ്ഞ ചെയ്തത്.

കൊറോണ ബാധിതയായി ചികിത്സയിലായിരുന്ന വിൻസെൻറിൻ്റെ മാതാവ് ഫില്ലിസ് (81) ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. വിൻസെൻറിൻ്റെ ഭാര്യയും മക്കളുമടക്കം എല്ലാവരും രോഗബാധിതരായിരുന്നു. എല്ലാവരും രോഗമുക്തി നേടിയെങ്കിലും പ്രിയപ്പെട്ട അമ്മയെ നഷ്ടമായതിൻ്റെ വേദനയിലാണ് അദ്ദേഹം സത്യപ്രതിജ്ഞയ്ക്കെത്തിയത്. രോഗമുക്തി നേടിയെങ്കിലും പരിക്ഷീണിതനായിരുന്നു അദ്ദേഹം.

ശക്തമായ മൽസരം നടന്ന കോവളത്ത് ഇടതു മുന്നണിയിലെ എ നീലലോഹിതദാസൻ നാടാരെ 16000ത്തിൽ ഏറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിൻസെൻ്റ് വിജയിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഏക യുഡിഎഫ് എംഎൽഎയാണ് കോൺഗ്രസ് നേതാവായ വിൻസെൻ്റ്. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം കോവളത്തു നിന്ന് നിയമസഭാംഗമാകുന്നത്. വിൻസെൻ്റിൻ്റെ സത്യപ്രതിജ്ഞയായിരുന്നു ഏറ്റവും അവസാനമായി നടന്നത്. ഇതോടെ നിയമസഭയിലെ 140 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു.