കണ്ണൂർ: എൻ ഡി എ സ്ഥാനാർത്ഥിയാകാൻ സി കെ ജാനു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത്. ചർച്ചകൾക്കായി മാർച്ച് മൂന്നിന് കെ സുരേന്ദ്രന്‍ ആലപ്പുഴ വരാൻ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്‌ദരേഖയിലുണ്ട്. തിരുവനന്തപുരത്ത് ഹോട്ടലിൽ വച്ച് പണം കൈമാറിയെന്നാണ് ആരോപണം. ജാനുവിൻ്റെ റൂം നമ്പർ ചോദിച്ച് സുരേന്ദ്രൻ്റെ പി എ വിളിച്ചതിൻറെ ശബ്‌ദരേഖയും പ്രസീത പുറത്തുവിട്ടിട്ടുണ്ട്.
തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503ആം നമ്പർ മുറിയിൽ സുരേന്ദ്രനും പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ഇവർ വരുന്ന കാര്യവും ഹോട്ടലിൽ എത്തിയെന്ന് അറിയിക്കുന്ന ഫോൺ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാർച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.
ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രൻ തന്നെ വിളിച്ചുകൊണ്ടിരുന്നുവെന്ന് പ്രസീത പറയുന്നു. നാലഞ്ച് പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയതിനു ശേഷമാണ് പിറ്റേന്ന് കാലത്ത് കാണാം എന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പർ ഏതാണെന്ന് തിരക്കുകയും ഏത് സമയത്ത് കാണാൻ സാധിക്കുമെന്നും ആരാഞ്ഞു.
സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാം എന്ന മറുപടിയും നൽകിയെന്ന് പ്രസീത പറയുന്നു. തൻ്റെ ഫോണിലേക്ക് സുരേന്ദ്രൻ്റെ ഫോണിൽനിന്ന് കോൾ വന്നപ്പോൾ ജാനു ചാടിക്കയറി എടുത്തു. അതിനുശേഷം സുരേന്ദ്രനും അദ്ദേഹത്തിൻ്റെ ഒപ്പമുള്ള ആളും മുറിയിലെത്തി. രണ്ടുമിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങൾ പുറത്തിറങ്ങിയെന്നും പ്രസീത പറഞ്ഞു. ആ മുറിയിൽവെച്ചാണ് സംസാരിച്ചതും പണം കൈമാറിയതെന്നും അവർ വെളിപ്പെടുത്തുന്നു.
തിരുവനന്തപുരത്ത് നടന്ന പത്തുലക്ഷത്തിൻ്റെ കാര്യമാണ് ഇതുവരെ പറഞ്ഞത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബത്തേരിയിലേക്ക് വരുന്നതേയുള്ളൂ. ഇതിനെക്കാളും കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും പ്രസീത പറഞ്ഞു. നാളെ തനിക്കോ തൻ്റെ പാർട്ടിയിലെ ആളുകൾക്കോ എന്ത് സംഭവിച്ചാലും കാര്യങ്ങൾ മുന്നോട്ടു തന്നെ പോകുമെന്നും പ്രസീത പറഞ്ഞു. മാർച്ച് ഏഴാം തിയതി രാവിലെ 9.56നാണ് സുരേന്ദ്രൻ്റെ ഫോണിൽനിന്ന് പി എ ദിപിൻ പ്രസീതയെ വിളിച്ചിരിക്കുന്നത്.