തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ യാത്രക്കാർ കൂടുതൽ ഉള്ള റൂട്ടുകളിലാവും സർവീസ് നടത്തുക. ഇരുന്നുമാത്രം യാത്ര ചെയ്യാനാണ് അനുമതി. യാത്രക്കാർക്ക് ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇന്നലത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി ദീർഘദൂരനടപടികൾ ആരംഭിക്കാൻ ആലോചിച്ചിട്ടുള്ളത്. ഏതെക്കെ സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത് സംബന്ധിച്ച് ചാർട്ട് തയ്യാറാക്കി വരികയാണെന്ന് സിഎംഡി ബിജുപ്രഭാകർ പറഞ്ഞു.
എന്നാൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ ഇളവുകൾ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായാൽ സർവീസ് നാളെ മുതൽ നടത്താനുള്ള തീരുമാനം കെഎസ്ആർടിസി ഉപേക്ഷിക്കേണ്ടിവരും.
അതേസമയം സർവീസുകൾ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആർ.ടി.സി സിഎംഡിയോടും ആവശ്യപ്പെട്ടു.