ദേശീയ പാതയിൽ കാറുകളുടെ മൽസരയോട്ടം; മംഗളം മുൻ സർക്കുലേഷൻ മാനേജരുടെ ജീവനെടുത്തു

കൊച്ചി : കാറുകളുടെ മൽസരയോട്ടം ബൈക്ക് യാത്രികനായ മംഗളം പത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജരുടെ ജീവനെടുത്തു. തൈക്കൂടം ഒ എ. റോഡ് ചെമ്പകശേരി ജിമ്മി ചെറിയാൻ(61) ആണ് അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചത്. സംസ്കാരം നാളെ 12ന് ചമ്പക്കര സെന്റ്. ജെയിംസ് പള്ളിയിൽ. ദേശീയപാതയിൽ ‍ തൈക്കൂടം യുടേണിനു സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വൈറ്റില ഭാഗത്തു നിന്ന് മത്സരയോട്ടം നടത്തി വരികയായിരുന്ന രണ്ട് കാറുകളാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തൈക്കൂടം യു-ടേൺ സ്ഥിരം അപകടമേഖലയാണ്. ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഇരു ഭാഗത്തു കൂടിയും ഇരു കാറുകളും ഓവർടേക്ക് ചെയ്തു മത്സരയോട്ടം നടത്തവേയാണ് ബൈക്കിൽ തട്ടിയത്. അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട്ബൈക്കിലും മറ്റൊരു കാറിലിമിടിക്കുകയായിരുന്നു. കൊല്ലം സ്വദേശി ഉമ്മൻ കെ. ജോൺ, പള്ളുരുത്തി സ്വദേശി ശ്വാം എന്നിവരായിരുന്നു കാറുകൾ മൽസരിച്ച് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഉമ്മൻ കെ. ജോണിന്റെ കാറാണ് ബൈക്കിൽ തട്ടിയിട്ടത്. ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മറ്റൊരു കാറിലും തട്ടി. ഈ കാർ വട്ടം കറങ്ങി എതിർ ദിശയിലായാണു നിന്നത്. പെട്ടെന്നു ബ്രേക്കിട്ട ശ്യാമിന്റെ കാറിനു പിന്നിലും മറ്റൊരു കാർ തട്ടി. അപകടം കണ്ട് ഓടിക്കൂടിയവരും ദൃക്സാക്ഷികളും യുവാക്കളെ വളഞ്ഞുവെച്ച ശേഷം വിവരമറിഞ്ഞ് പോലീസ് എത്തുകയും ഉടൻ ഇവരെ സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു. ഇതിനിടെ നാട്ടുകാരുടെ രോഷം സംഘർഷത്തിലെത്തിയെങ്കിലും കാർ ഓടിച്ചയാളെ പോലീസ് കൊണ്ടുപോയതോടെയാണ് സ്ഥിതി ശാന്തമായത്.

നിശേഷം തകർന്ന ബൈക്ക് മരട് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ഉമ്മൻ കെ.ജോണിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തതായി മരട് പൊലീസ് പറഞ്ഞു. മരിച്ച ജിമ്മി ചെറിയാൻ ‘അടുക്കള ‘ എന്ന പേരിൽ ഒരു ഹോട്ടൽ തൈക്കൂടത്ത് നടത്തുന്നുണ്ട്. ഷേർളിയാണ് ജിമ്മി ചെറിയാന്റെ ഭാര്യ. മക്കൾ: അനിത, അമല. മരുമക്കൾ:
അമൽ(എസ്ബിഐ, തൊടുപുഴ), സോജൻ(ബിസിനസ്).