കവരത്തി: പുതിയ അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന ജനകീയ നിരാഹാര സമരം തുടങ്ങി. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാനാണ് സമര സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.
ദ്വീപിലെ ബിജെപിയടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലായിരിക്കും നിരാഹാരം. സമരം മുന്നിൽ കണ്ട് ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
സംഘടിത പ്രതിഷേധം നടക്കുന്നതിനാൽ ലക്ഷദ്വീപിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇന്ന് 12 മണിക്ക് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് യുഡിഎഫ് എംപിമാർ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു. സംഘടിത പ്രതിഷേധം മുന്നിൽ കണ്ട് ലക്ഷദ്വീപിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ദ്വീപിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം.