രണ്ട് ദിവസത്തിനുള്ളില്‍ പുതിയ കെപിസിസി പ്രസിഡന്‍റിനെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാന്‍ഡ്; മനസ് തുറക്കാതെ നേതാക്കൾ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ ഹൈക്കമാൻസ് ഏകപക്ഷീയ നിലപാടെടുത്തതിലുള്ള നേതാക്കളുടെ അമർഷം തുടരുന്നതിനിടെ രണ്ട് ദിവസത്തിനുള്ളില്‍ പുതിയ കെപിസിസി പ്രസിഡന്‍റിനെ പ്രഖ്യാപിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശത്തോട് പ്രതികരിക്കാതെ മുൻനിര നേതാക്കൾ. ആരുടേയും പേര് നിര്‍ദേശിക്കാൻ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും തയാറായിട്ടില്ല.

പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനശ്ചിതത്വം എത്രയും വേഗം തീര്‍ക്കണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തന്നോട് പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ അഭിപ്രായം ചോദിക്കേണ്ടതില്ലെന്നും തീരുമാനിച്ച കാര്യങ്ങള്‍ അതേപടി നടക്കട്ടെയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ക്ഷോഭത്തോടെയുള്ള മറുപടി.

‌അദ്ധ്യക്ഷന്‍റെ കാര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നടത്തുന്ന അഭിപ്രായം തേടല്‍ കണ്ണില്‍ പൊടിയിടാനാണന്നാണ് ‌ വിവിധ ഗ്രൂപ്പുകളുടെ ആരോപണം. പിന്നാമ്പുറത്ത് പതിവായി ചരടുവലികൾ നടത്തുന്ന കെ സി വേണുഗോപാലാകട്ടെ ഇനി ഇത് തനിക്ക് അപകടമാണെന്ന് തിരിച്ചറിഞ്ഞ് പിൻവലിഞ്ഞിട്ടുണ്ട്. എംപിയെന്ന നിലയിൽ നിരവധി തവണ വിജയിച്ചിട്ടും ഒന്നും ചെയ്തില്ലെന്ന് കോൺഗ്രസുകാർ തന്നെ പറയുന്ന കൊടിക്കുന്നിൽ സുരേഷ് ‘ നേട്ടങ്ങൾ ‘നിരത്തി ഹൈക്കമാൻഡിൽ സമ്മർദ്ദം തുടരുകയാണ്.

കേരളത്തിലെ നേതാക്കളെ വിശ്വാസത്തിലെടുത്ത് തീരുമാനിക്കാനായിരുന്നെങ്കില്‍ താരിഖ് അന്‍വറിന് നേരിട്ടെത്തി ചര്‍ച്ച നടത്താമായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. പ്രധാന നേതാക്കളോടെല്ലാം താരിഖ് അന്‍വര്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഹൈക്കമാന്‍ഡിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാമെന്നാണ് എല്ലാവരുടേയും മറുപടി.

എംപിമാരുമായും എംഎല്‍എമാരുമായും ആശയവിനിമയം പൂര്‍ത്തിയായാല്‍ ഉടന്‍ താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിനു ശേഷമാകും അദ്ധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുക. കോൺഗ്രസിൻ്റെ കാര്യമായതിനാൽ തീരുമാനമുണ്ടാകാൻ മാസങ്ങളെടുത്താലും അതിശയിക്കേണ്ടെന്ന് നേതാക്കൾ തന്നെ പറയുന്നു.