ബജറ്റ് കേരളത്തിന്റെ ഭാവി വികസനത്തിന് സഹായകരമാകും; പ്രതീക്ഷ പങ്കുവച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: “കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്ന് പ്രതീക്ഷ പങ്കുവച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.

രാവിലെ ഒന്‍പത് മണിയോടെയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. കൊറോണ സാഹചര്യത്തില്‍ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് വളരെ പ്രതീക്ഷയോടെയാണ് വിവിധ മേഖലകള്‍ ഉറ്റുനോക്കുന്നത്.

കൊറോണ പ്രതിരോധത്തിലും ദുരിതാശ്വാസത്തിലും ഊന്നിയാകും കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റെന്നാണ് കരുതുന്നത്. വരുമാന വര്‍ധനവിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. കൊറോണ വാക്‌സിന്‍ വാങ്ങാനാവശ്യമായ തുക വകയിരുത്തും. കടലാക്രമണം പ്രതിരോധിക്കാന്‍ സമഗ്ര പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

ആദ്യ ബജറ്റ് അവതരണം അൽപസമയത്തിനകം ആരംഭിക്കും. ബജറ്റിന്റെ പ്രിന്റഡ് കോപ്പി ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രസ് ഡയറക്ടറിൽ നിന്നും ഏറ്റുവാങ്ങി.

കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയാകും ബാലഗോപാലിന്റേതെന്ന് പ്രതീക്ഷിക്കാം. ബജറ്റ് അവതരണത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നാണ് ധനമന്ത്രി എത്തുക. കൊറോണ പ്രതിരോധത്തിന് ഊന്നൽ നൽകി ആയിരിക്കും ബജറ്റ്.