കോട്ടയം: പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ച കുമരകത്തെ കായൽ സംരക്ഷകൻ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം. ഉപജീവനത്തിനൊപ്പം തന്നെ ജലാശയ സംരക്ഷണവും ജീവിതവ്രതമായി ഏറ്റെടുത്ത ഇദ്ദേഹത്തെ തേടി വന്നത് തായ്വാന്റെ പുരസ്കാരമാണ്. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എൻ എസ്. രാജപ്പനാണ് തായ്വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ വള്ളത്തിൽ സഞ്ചരിച്ച് ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്ന പല മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. ഈ കുപ്പികൾ വിറ്റാണ് അദ്ദേഹം ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. വില്ലൂന്നി സ്വദേശിയായ കെ എസ് നന്ദു പകർത്തിയ ചിത്രം വഴിയാണ് രാജപ്പനെക്കുറിച് പുറംലോകം അറിഞ്ഞത്. അതിനു പിന്നാലെ വലിയ പരിസ്ഥിതി പ്രവർത്തനമാണ് രാജപ്പൻ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ പ്രശംസിച്ചിരുന്നു.
രാജപ്പന്റെ, സ്വന്തമായൊരു വള്ളവും എൻജിനുമെന്ന സ്വപ്നം സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ സഫലമാക്കി. കിടപ്പാടമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രവാസി മലയാളികൾ ആദ്യ ധനസഹായവും ചെയ്തു. പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകൾ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്വാൻ പ്രശംസാപത്രത്തിൽ പറയുന്നു.