കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന തെളിവുകളും വിവരങ്ങളുമാണ് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു സി കെ ജാനുവിന് ആദ്യം നൽകിയ 10 ലക്ഷത്തിന് പുറമേ ബിജെപി 50 ലക്ഷം കൈമാറിയതായി സൂചന. കാസർകോട് വെച്ച് മാർച്ച് 24 നാണ് പണം കൈമാറിയത്.
കാസർകോട്ടേക്കുള്ള യാത്രാ ചെലവ് തെരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 കോടിയാണ് സി കെ ജാനു ആവശ്യപ്പെട്ടത് എന്നായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷററായ പ്രസീത ഇന്നലെ വെളിപ്പെടുത്തിയിരുന്നത്. ജാനുവിൻ്റെ ഉടമസ്ഥതയിലുള്ള ഇന്നോവ വാഹനത്തിലാണ് പണം കൈപ്പറ്റാനായി വയനാട്ടിൽ നിന്ന് കാസർകോട്ടേക്ക് എത്തിയത്.
ആദ്യം പോയത് മംഗലാപുരത്തേക്കായിരുന്നു. അവിടെ നിന്ന് പണം കിട്ടാത്തതിനെ തുടർന്നാണ് കാസർക്കോട്ടേക്ക് എത്താൻ ആവശ്യപ്പെട്ടത്. അവിടെ വെച്ച് പണം കൈപ്പറ്റുകയും തുടർന്ന് വാഹനത്തിന്റെ സീറ്റിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ വെച്ചാണ് പണം വയനാട്ടിലേക്ക് എത്തിച്ചത്.
സി കെ ജാനുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വരവ് ചെലവ് കണക്കിൽ മാർച്ച് 24ന് മംഗലാപുരത്തേക്ക് സ്ഥാനാർത്ഥി യാത്ര ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് 30,000 രൂപ ചെലവഴിച്ചതായും വരവ് ചെലവ് കണക്കിൽ പറയുന്നുണ്ട്.
സ്വാഭാവികമായും ബത്തേരി നിയമസഭ മണ്ഡലത്തിലെ ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മംഗലാപുരത്തേക്ക് യാത്ര ചെയ്യേണ്ട ആവശ്യമില്ല. ഇത് സംബന്ധിച്ച അന്വേഷണമാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. ബിജെപിയിലെ ഒരു വിഭാഗം ആളുകൾ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത്.
77,71,298 രൂപയുടെ വരവ് ചെലവ് കണക്കുകളാണ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി പുറത്ത് വന്നിട്ടുള്ളത്. ഒരു കോടി പത്തുലക്ഷം രൂപ ബിജെപി നേതൃത്വം സി കെ ജാനുവിന് കൈമാറുകയും ചെയ്തു. അങ്ങനെയെങ്കിൽ ബാക്കി പണം എവിടെ എന്ന ചില തർക്കങ്ങൾ ജില്ലയിലെ പാർട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്. ഈ തർക്കങ്ങളെ തുടർന്നാണ് ഇപ്പോൾ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ലഭിച്ച പണം മുഴുവനും കൈകാര്യം ചെയ്തിരിക്കുന്നത് സി കെ ജാനുവാണ്. തെരഞ്ഞെടുപ്പ് ചെലവ് കഴിഞ്ഞുള്ള ബാക്കി പണം സി കെ ജാനു സ്വന്തം ആവശ്യങ്ങൾക്ക് അനുസരിച്ച് ചെലവഴിച്ചു എന്ന ആരോപണമാണ് ഉയരുന്നത്.