ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വന്ന പണം വ്യാപാരവുമായി ബന്ധപ്പെട്ടതെന്ന് അഭിഭാഷകൻ ; ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വന്ന എല്ലാ പണവും വ്യാപാരവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് അഭിഭാഷകൻ. ഇതിൽ സുഹൃത്തുക്കൾ വഴിയുള്ള പണവും ഉണ്ട്. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച് കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചെന്ന് ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു

ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി അനുവദിച്ചില്ല. ജാമ്യാപേക്ഷ കോടതി തള്ളി. കേസ് നാളെയോ മറ്റന്നാളോ പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കർണാടക ഹൈക്കോടതി അതും തള്ളി. ജൂൺ ഒൻപതിന് ബിനീഷിന്റെ വാദങ്ങൾക്ക് ഇഡി മറുപടി നൽകും.

പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിന് കൊറോണ ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇഡി അഭ്യർത്ഥിച്ചു. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകളിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടത്.