സി കെ ജാനു ബിജെ പിയോട് ആവശ്യപ്പെട്ടത് 10 കോടിയും അഞ്ച് നിയമസഭ സീറ്റും; സംഭാഷണം ശരിവച്ച്‌ ജെ ആർ പി ട്രഷറർ പ്രസീത

തിരുവനന്തപുരം: എൻ ഡി എ സ്ഥാനാർഥിയാകാൻ സി കെ ജാനു ബി ജെ പിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയും പാർട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണെന്ന് ജെ ആർ പി ട്രഷറർ പ്രസീത. എന്നാൽ ഇതുസംബന്ധിച്ച്‌ കോട്ടയത്ത് നടന്ന ചർച്ചയിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

പ്രസീതയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. പത്ത് ലക്ഷം രൂപ നൽകിയാൽ സി കെ ജാനു സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച്‌ പണം കൈമാറാമെന്ന് കെ സുരേന്ദ്രൻ മറുപടി നൽകുന്നതുമാണ് പുറത്തുവിട്ട സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോൺ സംഭാഷണം ശരിയാണെന്നും താൻ കെ സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത സ്ഥിരീകരിച്ചു.

തിരുവനന്തപുരത്തുവെച്ചാണ് കെ സുരേന്ദ്രൻ സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി കെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ സുരേന്ദ്രൻ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.

കൊടകര കുഴൽപ്പണ കേസിൽ പ്രതിരോധത്തിലായ ബിജെപിയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സി കെ ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സി കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴൽപ്പണമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേസമയം താൻ പണം വാങ്ങിയതായുള്ള ആരോപണങ്ങൾ സി കെ ജാനു നിഷേധിച്ചിട്ടുണ്ട്.