ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം; സര്‍വകക്ഷിയോഗം ജൂൺ നാലിന്

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യവും സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. ജൂൺ നാലിന് വൈകിട്ട് 3.30നാണ് സര്‍വകക്ഷിയോഗം ചേരുക. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്. പരസ്പര ധാരണയിലൂടെ തീരുമാനത്തിലെത്താനാണ് നീക്കം.

ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിനുള്ള 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിയിരുന്നു. വിഷയം ഇടതുമുന്നണിക്കുള്ളിലും അഭിപ്രായ ഭിന്നതയ്ക്ക് വഴിവെച്ചിരുന്നു. മുസ്ലീം ലീഗും വിധിക്കെതിരേ രംഗത്ത് വന്നിരുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള 80: 20 അനുപാതം മുസ്ലീം വിഭാഗത്തിന് മാത്രം കൂടുതല്‍ ആനുകൂല്യം നല്‍കുന്നതിനെ ചോദ്യം ചെയ്ത പരാതിയിൽ ഇക്കാര്യം പുന:പരിശോധിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. പാലോളി കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് 80: 20 അനുപാതം നിലവില്‍ വന്നത്.