വറ്റൽമുളകിലും ആട്ടയിലും മാരകമായ എത്തിയോൺ കീടനാശിനിയുടെ സാന്നിധ്യം;കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് കണ്ടെത്തിയത് 200ൽ അധികം കേസുകൾ

കൊച്ചി: വറ്റൽമുളകിലും ആട്ടയിലും ചേർക്കുന്നത് കീടനാശിനി. കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന എത്തിയോൺ എന്ന മാരകമായ കീടനാശിനിയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഉള്ളിൽ ചെന്നാൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്ന കീടനാശിനിയാണ് എത്തിയോൺ അടക്കമുള്ള ഓർഗാനോ ഫോസ്‌ഫേറ്റുകൾ.
പരിശോധനയിൽ കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് 200ൽ അധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെത്തുന്ന വറ്റൽമുളകിൽ ഈ മാരക വിഷാശം അടങ്ങിയതായാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തൽ. വിവിധ ജില്ലകളിൽ നടത്തുന്ന പതിവ് പരിശോധനയിലാണ് വിഷാശം അടങ്ങിയ മുളക് കണ്ടെത്തിയത്. ഭൂരിഭാഗം ജില്ലകളിലും ഇത്തരത്തിലുള്ള മുളക് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ പരിശോധന ശക്തമാക്കുകയായിരുന്നു.

കീടനാശിനി അമിതമായി ശരീരത്തിലെത്തിയാൽ കുട്ടികളിൽ വളർച്ചക്കുറവിനും ജനിതക വൈകല്യങ്ങൾക്കും കാരണമാകും. മുതിർന്നവരിൽ ഉദരസംബന്ധമായ രോഗങ്ങൾ, ഛർദ്ദി, ഉദരവൃണം, രക്തസ്രാവം, നാടീഞരമ്പുകളുടെയും തലച്ചോറിന്റെയും പ്രവർത്തനത്തെ ബാധിക്കുകയും ഓർമ്മക്കുറവ് ഉണ്ടാകുകയും ചെയ്യും.

വറ്റൽമുളക് കൂടാതെ പ്രമുഖ ബ്രാന്റിന്റെ ആട്ടയിലും മറ്റൊരു കീടനാശിനി അടങ്ങിയതായും കണ്ടെത്തിയിരുന്നു. ഇത് വയനാടിൽ നിന്നാണ് കണ്ടെത്തിയത്. ഈ കേസുകൾ കോടതി നടപടികൾക്കായി അയച്ചിരക്കുകയാണ്.
കേസുകൾ കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് വറ്റൽമുളക് എത്തുന്നത് ആന്ധ്രയിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിൽ ഒരുകൃഷിയിടത്തിൽ സീസണുകൾ അനുസരിച്ച് പലകൃഷികളും നടത്താറുണ്ട്. ഓരോ കൃഷിയ്ക്കായും ഉപയോഗിക്കുന്ന കീടനാശിനികൾ മണ്ണിൽ കിടക്കുന്നതിനാൽ ഓരോ വിളവിലും ഉണ്ടാകുന്ന കീടനാശിനികളുടെ അളവ് കൂടുതലായിരിക്കും. അതിനാൽ വാങ്ങുന്ന മുളക് വൃത്തിയായി കഴുകി ഉണക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂവെന്ന് ഭക്ഷ്യസുരക്ഷ കമ്മിഷണർ എ.ആർ.അജയകുമാർ അറിയിച്ചു.