ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണം; നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി

തിരുവന്തപുരം: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കി.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ ഐക്യകണ്‌ഠേനെയാണ് പാസാക്കിയത്.

ദ്വീപ് ജനതയുടെ ജീവനും,ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപടെണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെ അവിടുത്തെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.

ലക്ഷദ്വീപിലെ ഭരണകൂടത്തിന് വ്യക്തികളുടെ ഭുമിയ്ക്കും സ്വത്തിനും മേലെ അമിത അധികാരം നല്‍കുന്ന രീതി അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും, പുതിയ നിയന്ത്രണങ്ങളുടെ പേരില്‍ ആളുകളെ അവര്‍ ജോലിചെയ്തിരുന്ന സ്ഥാനപങ്ങളില്‍ നിന്നും പിരിച്ചുവിടുന്നതും സാമ്പത്തിക അസമത്വങ്ങള്‍ക്ക് കാരണായിയെന്നും പ്രമേയത്തില്‍ പറയുന്നു.

ചട്ടം 118 അനുസരിച്ചുള്ള പ്രമേയം, പി ടി തോമസ്, അനൂപ് ജേക്കബ്, എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ നിര്‍ദേശിച്ച ഭേദഗതികളോടെയാണ് പാസാക്കിയത്. പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും അത് മുളയിലേ നുള്ളണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സാംസ്‌കാരിക – മതേതര മൂല്യങ്ങളുടെ കടക്കല്‍ കാത്തിവെക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കാശ്മീര്‍ ആയിരുന്നു ബിജെപിയുടെ ലക്ഷ്യമെങ്കില്‍ ഇന്ന് ലക്ഷദ്വീപാണെന്നും നാളെ കേരളമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമിട്ടുവെന്നും നാളെ അത് ജാതി പിന്നെ ഉപജാതി അങ്ങനെയായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌കാരങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

അതേസമയം നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ഒരു വനിതാ അംഗം തുടക്കമിട്ടു. സി.പി.എം നിയമസഭാ കക്ഷി വിപ്പും മുൻ ആരോഗ്യ മന്ത്രിയുമായ കെകെശൈലജയാണ് പ്രമേയം അവതരിപ്പിച്ച്‌ ചർച്ചക്ക് തുടക്കമിട്ടത്. നന്ദിപ്രമേയ ചർച്ച മൂന്നുദിവസം തുടരും.