കൊല്ലം: ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസ് പ്രതിയായ കുണ്ടറ ബോംബാക്രമണ കേസിൽ ചലച്ചിത്ര സീരിയൽ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായി അരൂരിൽ നിന്ന് പ്രിയങ്ക മത്സരിച്ചിരുന്നു. ബോംബാക്രമണ കേസിലെ മുഖ്യപ്രതിയായ ഷിജു എം വർഗീസും ഇതേ പാർട്ടിയുടെ കുണ്ടറ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു.
ഡിഎസ്ജെപി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിനെ കുറിച്ചുളള വിവരങ്ങൾ ശേഖരിക്കാനാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ബോംബാക്രമണവുമായി പ്രിയങ്കയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.