സിബിഎസ്ഇ, ഐസിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; രണ്ടുദിവസത്തിനകം തീരുമാനമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡെൽഹി: സിബിഎസ്ഇ, ഐസിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് നിർദേശിച്ച് ഹർജി പരിഗണിക്കുന്നത് മെയ് മൂന്നിലേക്ക് സുപ്രീംകോടതി മാറ്റി.

സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ, അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് അറിയിച്ചത്.

തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ് എന്ന് ചൂണ്ടിക്കാട്ടിയ കോടതി, കഴിഞ്ഞവർഷത്തെ നയത്തിൽ നിന്ന് പുറത്തുകടക്കുകയാണെങ്കിൽ അതിന് വ്യക്തമായ കാരണം ബോധ്യപ്പെടുത്തണമെന്നും ഓർമ്മിപ്പിച്ചു. അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചത്.

കഴിഞ്ഞവർഷം ജൂൺ 26ന് അവശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കുന്നതിന് സിബിഎസ്ഇയും സിഐഎസ് സിഇയും സമർപ്പിച്ച ഫോർമുല സുപ്രീംകോടതി അംഗീകരിച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജൂലൈ ഒന്നുമുതൽ ജൂലൈ 15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അവേശഷിക്കുന്ന പരീക്ഷകൾ റദ്ദാക്കാൻ സിബിഎസ്ഇയും സിഐഎസ് സിഇ ഫോർമുല മുന്നോട്ടുവെച്ചത്. വിദ്യാർത്ഥികളുടെ പ്രകടനം വിലയിരുത്താൻ സഹായിക്കുന്ന ഫോർമുലയാണ് തയ്യാറാക്കിയത്.