കൊല്ലം: നഗരസഭാ ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിക്കെതിരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത്. അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് മനോജ് കുമാര്‍.
ഫെബ്രുവരി 12നാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി, സൂപ്രണ്ട് മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. നഗരസഭയ്ക്കുളളില്‍ വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നുമുളള ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരി പരാതിയില്‍ ഉന്നയിച്ചത്.
സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നെന്നും പരാതിയില്‍ ജീവനക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. നഗരസഭ സെക്രട്ടറി പരാതി ജാഗ്രതാ സമിതിക്ക് കൈമാറി. സംഭവത്തില്‍ നഗരകാര്യ ഡയറക്ടര്‍ പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിച്ചു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മനോജ്കുമാറിനെതിരെ സസ്പെന്ഷന് നടപടിക്കുളള തീരുമാനം.
എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുളള ശ്രമത്തിലാണ് ആരോപണ വിധേയനായ സൂപ്രണ്ട്. ഈ മാസം 21 വരെ മനോജിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമത്തിലാണ് മനോജ്.