ബിജെപിയെ പ്രതിസന്ധിയിലാക്കി കൊടകര കുഴൽപ്പണക്കേസ്; ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: തൃശൂർ ജില്ലാ സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

തൃശൂർ: ബിജെപിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി വാടാനപ്പള്ളിയിലെ വാക്സിൻ കേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബിജെപി പ്രവർത്തകൻ കിരണിന് കുത്തേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിരണിന് അടിവയറ്റിലാണ് പരിക്കേറ്റത്.

വാടാനപ്പള്ളി തൃത്തല്ലൂർ ഗവൺമെൻ്റ് ആശുപത്രിയിലാണ് സംഭവം. വാക്സിൻ എടുക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. ബിജെപി അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ കുഴൽപ്പണക്കേസ് സംബന്ധിച്ച്‌ പ്രവർത്തകർ ചേരിതിരിഞ്ഞ പോരിലായിരുന്നു.

ഇക്കാര്യത്തെ സംബന്ധിച്ചുള്ള ചർച്ചയാണ് ആശുപത്രിയിൽ വെച്ചുള്ള കത്തിക്കുത്തിലെത്തിയത്. തർക്കം ചേരിതിരിഞ്ഞ് സംഘർഷത്തിലായി. ഇതിനിടെയാണ് കത്തിക്കുത്തുണ്ടായത്. പോലീസെത്തി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി ജെ പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നിനായി രാവിലെ 10 ന് തൃശൂർ പോലീസ് ക്ലബിൽ ഹാജരാകാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്.

പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്തുകൊടുത്തത് സതീഷാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി പുലർച്ചെയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയിൽ തടഞ്ഞു നിർത്തി കൊള്ളയടിക്കുകയായിരുന്നു.