ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാനിയന്ത്രണം: ഞായർ മുതൽ യാത്രാനുമതി എഡിഎം വഴി മാത്രമാക്കി അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കി

കൊച്ചി: പ്രതിഷേധം വ്യാപകമായതോടെ ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാനിയന്ത്രണം. ഞായർ മുതൽ യാത്രാനുമതി എഡിഎം വഴി മാത്രമാക്കി അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കി. കൊറോണ കേസുകൾ വർധിക്കുന്നതിന്റെ പേരിലാണ് അഡ്മിനിസ്ട്രേഷന്റെ നടപടി.

സന്ദർശക പാസുളളവർക്ക് ഒരാഴ്ച കൂടി ദ്വീപിൽ തുടരാം. പാസ് നീട്ടണമെങ്കിൽ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണമെന്നും ഉത്തരവിൽ പറയുന്നു.

പ്രതിഷേധങ്ങൾ വർധിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കൊച്ചിയിലെ ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷൻ, ലക്ഷദീപിന്റെ തീരപ്രദേശങ്ങളിലെ സുരക്ഷ ലെവൽ 2 ആയി ഉയർത്താൻ ഉത്തരവിട്ടു.

കപ്പലുകളിലും ബോട്ട് ജെട്ടികളിലുമെല്ലാം സുരക്ഷ ഇരട്ടിയാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം. എൽഡിസി ജനറൽ മാനേജരാണ് ഉത്തരവ് ഇറക്കിയത്.