കൊച്ചി: ലക്ഷദ്വീപിൻ്റെ കേരള ബന്ധങ്ങൾ അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനങ്ങളുമായി അഡ്മിനിസ്ട്രേറ്ററുടെ നീക്കം. ഇതിൻ്റെ ആദ്യപടിയായി പാഠ്യപദ്ധതിയിൽ നിന്നും മലയാളം ഒഴിവാക്കുന്നു. തുടക്കത്തിൽ പത്താംതരം മുതലാണ് മലയാളത്തെ ഒഴിവാക്കുന്നത്. പൂർണമായും കേന്ദ്ര സിലബസിലേക്ക് മാറാനാണ് തീരുമാനം.
അതോടെ ഹിന്ദി, ഇഗ്ലീഷ് ഭാഷകളിൽ മാത്രമാകും ക്ലാസുകൾ. സ്‌റ്റേറ്റ് സിലബസ് ഒഴിവാക്കും നിലവിൽ പത്തുമുതലുള്ള ക്ലാസുകളിൽ നിന്നാണ് മലയാളം ഒഴിവാക്കുന്നതെങ്കിലും ഉടൻ തന്നെ പത്തിൽ തഴെയുള്ള ക്ലാസുകളും ഇത്തരത്തിലേക്ക് മാറും.
ഇതിൻ്റെ ഭാഗമായി ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ പൂട്ടുമെന്നാണ് സൂചന. 15 സ്‌കൂളുകള്‍ പൂട്ടിയതായി റിപ്പോര്‍ട്ടുണ്ട്. കില്‍ത്താനില്‍ മാത്രം പൂട്ടിയത് അഞ്ച് സ്‌കൂളുകളാണ്. അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ പൂട്ടാനുള്ള നീക്കം.
അതേസമയം ലക്ഷദ്വീപിൽ വിവാദ നടപടികൾ തുടരുകയാണ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ഫിഷറീസ് വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് ഉത്തരവ് പുറത്തിറക്കി. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ഇവരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നടപടി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ഉത്തരവിൽ ആവശ്യപെടുന്നു.
കഴിഞ്ഞ ദിവസം കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ അഡ്മിനിസ്‌ട്രേറ്റർ നിർദേശിച്ചിരുന്നു. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു നടപടി. എല്ലാ നിയമന രീതികളും പുനപരിശോധിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചിരുന്നു. ദ്വീപിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കടുത്ത തീരുമാനവുമായി അഡ്മിനിസ്ട്രേറ്റർ നീങ്ങുന്നത്.
സാധാരണ മൂന്ന് വർഷത്തിലൊരിക്കൽ ദ്വീപിൽ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് പതിവാണ്. എന്നാൽ ഇപ്പോൾ മിക്ക ദ്വീപിലെയും ഉന്നത ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയിരിക്കുകയാണ്. ഇവരോട് അടിയന്തരമായി സ്ഥാനമൊഴിഞ്ഞ് പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.