കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ പിന്തുണച്ച് ദ്വീപ് കളക്ടര്‍. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നും കളക്ടര്‍ എസ് അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലക്ഷദ്വീപിനെക്കുറിച്ച് പുറത്ത് വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും ,73 വര്‍ഷമായിട്ടും കാലത്തിന് അനുസരിച്ചുള്ള വികസനം ദ്വീപില്‍ ഇല്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. മദ്യലൈസന്‍സ് അനുവദിച്ചത് ടൂറിസം വികസനത്തിനു വേണ്ടിയാണ്. ദ്വീപില്‍ മയക്കു മരുന്ന് ഉപയോഗവും, കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ് അത് തടയുന്നതിനാണ് നിയമമെന്നും കളക്ടര്‍ പറഞ്ഞു.
ബീഫ് നിരോധിച്ചത് നയപരമായ തീരുമാനമാണ്. ജില്ലാ പഞ്ചായത്തുകളുടെ അധികാരം കുറച്ചിട്ടില്ല. ഭരണപരമായ മാറ്റങ്ങളാണ് വരുത്തിയതെന്നും കളക്ടര്‍ പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിനാണ് എസ്‌ഒപി പരിഷ്‌കാരം നിയമവിധേയമാക്കിയത്.
വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്, മുന്‍നിര പോരാളികള്‍ക്കെല്ലാം ഇതിനോടകം വാക്‌സിന്‍ നല്‍കിയിട്ടുണ്ടന്നും കളക്ടര്‍ പറഞ്ഞു. കവരത്തിയിലും, മിനിക്കോയിലും പുതിയ ആശുപത്രികളും, പുതിയ ഓക്‌സിജന്‍ പ്ലാന്റും സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഇതിനിടെ കൊച്ചിയില്‍ പ്രസ് ക്ലബിനു മുന്നില്‍ കളക്ടര്‍ക്കെതിരെ പ്രതിഷേധം നടന്നു. സിപിഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ലക്ഷദ്വീപ് നിവാസികളായ എന്‍വൈസി പ്രവര്‍ത്തകരും കളക്ടര്‍ക്കെതിരെ കരിങ്കൊടികളുയര്‍ത്തിയും ഗോ ബാക്ക് വിളിച്ചും പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് സ്ഥലത്തുണ്ട്.