ഗുഹാവത്തി: അസം അതിർത്തിയിൽ കുടുങ്ങിയ മലയാളി ഡ്രൈവർമാരിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശി നജീബാ (48) ണ് മരിച്ചത്. അസം- പശ്ചിമ ബംഗാൾ അതിർത്തിയായ അലിപൂരിലാണ് മരണം. ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാൻ കഴിയാതിരുന്നതാണ് മരണ കാരണമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം അസമിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ടുപോയ കേരള ബസുകൾ ഉടൻ സംസ്ഥാനം വിടണമെന്ന് അസം സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഏജന്റുമാർ കബളിപ്പിച്ചതിനാൽ 400 ഓളം ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. പത്ത് ദിവസം സമയം നൽകിയ സർക്കാർ, അല്ലെങ്കിൽ ബസുകൾ സറണ്ടർ ചെയ്യാൻ ആവശ്യപ്പെട്ടു.
ഡീസലടിക്കാനുള്ള പണം പോലും കൈയിലില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. കണ്ണൂർ, കോഴിക്കോട്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകളാണ് കൂടുതലും. തങ്ങളുടെ കൈയിൽ ഭക്ഷണത്തിന് പോലും പണമില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു.അടിന്തരമായി സർക്കാരും ഗതാഗത വകുപ്പും ഇക്കാര്യത്തിൽ ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. 20ൽ അധികം ദിവസമായി ബസുകൾ അസമിൽ കുടുങ്ങിക്കിടക്കുകയാണ്.