ട്രിപ്പിൾ ലോക്ക് ഡൗണിലും മലപ്പുറത്ത് കൊറോണ വ്യാപനത്തിൽ കുറവില്ല

മലപ്പുറം: ട്രിപ്പിൾ ലോക്ക് ഡൗൺ ഒരാഴ്ച്ച കടക്കുമ്പോഴും മലപ്പുറത്ത് കൊറോണ വൈറസ് രോഗ വ്യാപനത്തിൽ കുറവില്ല. ഇന്നലെ 4074 പേർക്കാണ് മലപ്പുറത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഇന്നലെയും മുപ്പത് കടന്നിരിക്കുന്നു. ഇന്നലെ 31.53 ശതമാനമാണ് മലപ്പുറത്തെ ടിപിആർ.

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരെക്കാൾ ഏറെയാളുകൾ രോഗമുക്തരായി എന്നതു മാത്രമാണ് മലപ്പുറം ജില്ലക്ക് ചെറിയൊരാശ്വാസമുള്ളത്. എന്നാൽ അതേസമയം, കേരളത്തിലെ മറ്റ് ജില്ലകളിൽ കൊറോണ കേസുകളും ടിപിആറും കുറയുന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്.

ഇന്നലെ 5,502 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച തുടങ്ങിയ ട്രിപ്പിൾ ലോക്ഡൗൺ ഇന്നും മലപ്പുറത്ത് കർശനമായി തുടരുകയാണ്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവർ മലപ്പുറം ജില്ലയിൽ ക്യാമ്പ് ചെയ്ത് പൊലീസ് നടപടികൾ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. കൊറോണ കേസുകൾ കണ്ടെത്താനായി ഇന്നും നാളെയും ജില്ലയിൽ 75000 പരിശോധനകൾ നടത്താനാണ് നീക്കം.