അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. കൊറോണ മാനദണ്ഡം കർശനമായി പാലിച്ചാണ്‌ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 139 അംഗങ്ങളും പ്രോടേം സ്‌പീക്കർ പി ടി എ റഹീമിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യും. ഇതിനായി പ്രോടേം സ്‌പീക്കറെ ചുമതലപ്പെടുത്തിയുള്ള കത്ത്‌ നിയമസഭാ സെക്രട്ടറിക്ക്‌ ഗവർണർ കൈമാറും.

സെക്രട്ടറി അക്ഷരമാലാ ക്രമത്തിൽ പേര്‌ വിളിക്കുമ്പോൾ ഓരോരുത്തരും നടുത്തളത്തിൽവന്ന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ രേഖയിൽ ഒപ്പ്‌ വയ്‌ക്കും. ആദ്യം വള്ളിക്കുന്ന്‌ എംഎൽഎ പി അബ്‌ദുൾ ഹമീദും അവസാനം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞയെടുക്കും. അംഗങ്ങൾക്ക്‌ രാഷ്‌ട്രീയ പാർടി പ്രാതിനിധ്യപ്രകാരം സഭാഹാളിൽ ഇരിപ്പിടം ക്രമീകരിച്ചു.

നാളെയാണ്‌ സ്‌പീക്കർ തെരഞ്ഞെടുപ്പ്‌. എം ബി രാജേഷാണ്‌ എൽഡിഎഫിന്റെ സ്‌പീക്കർ സ്ഥാനാർഥി. തുടർന്ന്‌, ജൂൺ 14 വരെ സഭാ സമ്മേളനം. 28ന്‌ പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നിർവഹിക്കും. മെയ്‌ 31, ജൂൺ ഒന്ന്‌, രണ്ട്‌ തീയതികളിൽ നയപ്രഖ്യാപനത്തിൽ ചർച്ചയും മൂന്നിന്‌ സർക്കാർ കാര്യവുമാകും.

പുതിയ സർക്കാരിന്റെ ബജറ്റ്‌ നാലിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. ഏഴ്‌, എട്ട്‌, ഒമ്പത്‌ തീയതികളിൽ ബജറ്റ്‌ ചർച്ച. പത്തിന്‌ ബജറ്റും 11ന്‌ വോട്ടോൺ അക്കൗണ്ടും പാസാക്കും. കലണ്ടർ പ്രകാരം 14 വരെ സമയമുണ്ടെങ്കിലും 11ന്‌ സഭാ സമ്മേളനം പിരിഞ്ഞേക്കും.