പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവർക്ക് എതിരേ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്. ഗൂഢാലോചന, അഴിമതി, പദവി ദുരുപയോഗം ചെയ്യല്‍, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തും.

അന്വേഷണത്തിനു നേരത്തെ ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുമതി ലഭിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണു വീണ്ടും അനുമതി ചോദിച്ചത്. ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ അധികാരമുള്ള മേല്‍ലുദ്യോഗസ്ഥനാണു പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത്.

ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെ എട്ടു പേരാണു കേസിലെ പ്രതികള്‍. അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. പാലാരിവട്ടം മേല്‍പാലം നിര്‍മാണക്കമ്പനിയായ ആര്‍.ഡി.എസിനു ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശ പ്രകാരമായിരുന്നു എന്നാണു വിജിലന്‍സ് കണ്ടെത്തല്‍.