തിരുവനന്തപുരം: വി ഡി സതീശൻ എംഎൽഎയെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുത്തു. ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ എഐസിസിയുടെ സീനിയർ ജനറൽ സെക്രട്ടറിയായി നിയമിക്കുമെന്നാണ് സൂചന.
രമേശ് ചെന്നിത്തലയെ വീണ്ടും പ്രതിപക്ഷ നേതാവാക്കണമെന്ന് ശക്തമായ അഭിപ്രായം ഉയർന്നെങ്കിലും സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തു. ഭാവിയിൽ കേരളത്തിലെ മുഖ്യമന്ത്രി കസേരയിൽ കണ്ണും നട്ടിരിക്കുന്ന സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമായി. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.
എന്നാൽ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ശക്തമാക്കുന്ന ഉമ്മൻചാണ്ടിയെയും, രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങൾ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന. എന്നാൽ പൊതുവേ തലമുറമാറ്റം വരട്ടെയെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന രാഹുലിന്റെ നിലപാടിനോട് ലീഗും പരോക്ഷമായി പിന്തുണയറിയിച്ചുവെന്നാണ് സൂചന. പക്ഷേ, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു.
ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. ഇടതുമുന്നണി മൊത്തത്തിൽ പുതുമുഖങ്ങളുമായി രണ്ടാം സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാർട്ടിയിലെ യുവനേതാക്കൾ രാഹുൽ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കൾ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചർച്ചയിൽ രാഹുലും സ്വീകരിച്ചത്.
മികച്ച പാര്ലമെന്റേറിയന് എന്നു പേരുകേള്‍പ്പിച്ച സതീശനെ സംബന്ധിച്ചിടത്തോളം പുതിയ സ്ഥാനം വെല്ലുവിളികള്‍ നിറഞ്ഞതാണ്. സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തെ നേരിടാന്‍ ആളെണ്ണത്തില്‍ ദുര്‍ബലരായ പ്രതിപക്ഷത്തെ പ്രാപ്തമാക്കുകയാണ് ഒന്നാമത്തെ വെല്ലുവിളി. ഒപ്പം തന്നെ സഭയിലുള്ള പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളെ ഒരുമിപ്പിച്ച് കൊണ്ടുപോകുക എന്നതും വലിയ തലവേദനയാകും.