തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 31-ന് കേരളത്തിലെത്താൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച ന്യൂനമർദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്. ഇന്നു മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള എട്ടുജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്.
മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിലും വടക്കൻ ആൻഡമാൻ കടലിനോടു ചേർന്നും ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു മെയ് 24-ഓടു കൂടി ചുഴലിക്കാറ്റായി മാറാനും തുടർന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ – വെസ്റ്റ് ബംഗാൾ തീരത്തു മെയ് 26 നു രാവിലെ എത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.